മലപ്പുറം: സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലകൾക്കെതിരേ പൊലിസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി കോയന്പത്തൂരിൽ നിന്ന് 12.8 കിലോ എംഡിഎംഎ പിടികൂടിയ മലപ്പുറം ഡാൻസാഫ് സംഘത്തെ എഡിജിപി പി. വിജയൻ, തൂഫാൻ നോഡൽ ഓഫീസർ കൂടിയായ ഐജി പുട്ട വിമലാദിത്യ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലപ്പുറം ജില്ലയിലെ പൊലിസ് സംഘം ലഹരിക്കെതിരേ പ്രശംസനീയമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് എഡിജിപി പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിലുള്ള 17 വലിയ ലഹരിമരുന്ന് കേസുകൾ മലപ്പുറം ജില്ലയിൽ പൊലിസിന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. കേവലം ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ ഉപരിയായി അതിന് പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യാനും മലപ്പുറം പൊലിസിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മൈ പൊലിസ് സ്റ്റേഷൻ, ജനമൈത്രി, സ്റ്റുഡന്റ് പൊലിസ്, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ സോഷ്യൽ പൊലിസിംഗ് പദ്ധതികളുടെ നടത്തിപ്പും എഡിജിപി വിലയിരുത്തി.
ലഹരിവേട്ടയിൽ നിർണായക പങ്കുവഹിച്ച 19 പൊലിസ് ഉദ്യോഗസ്ഥരെയാണ് എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ അനുമോദിച്ചത്. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്, ഡിവൈഎസ്പിമാരായ ഗോപകുമാർ, സുഭാഷ് ബാബു, എൻ.ഒ. സിബി, മഞ്ചേരി പൊലിസ് സ്റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥരായ ടി.ജി. ദിലീപ്, മുഹമ്മദ് അലി, എസ്. പ്രദീപ്, കെ.കെ. തൗഫീഖുള്ള മുബാറക്ക്, എസ്ഇപിഒമാരായ പ്രശാന്ത്, എൻ.ടി. കൃഷ്ണകുമാർ, കെ. ദിനേശ്, വി.പി. ബിജു, പി. മുഹമ്മദ് സലീം, കെ.കെ. ജസീർ, കെ. ദിനേശ്, ആർ. രഞ്ജിത്ത്, കെ. പ്രഭുൽ, ഒ. വൈശാഖ്, സിപിഒ എം.പി. അബ്ദുൾ മുനീർ എന്നിവരാണ് എഡിജിപിയിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത്.
മഞ്ചേരി പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് വൻ ലഹരി ശേഖരം പൊലിസ് കണ്ടെടുത്തത്.ഓഗസ്റ്റ് ആറിന് വൈകുന്നേരം നാലോടെ മാവൂർ-കോഴിക്കോട് പൈപ്പ് ലൈൻ റോഡിലെ മാവൂർ ലാഡർ മാളിലെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് ആറംഗ സംഘത്തെ പൊലിസ് പിടികൂടുന്നത്.
ഇവരിൽ നിന്ന് വിൽപനക്കായി സൂക്ഷിച്ച 97.71 ഗ്രാം എംഡിഎംഎയും (പാക്കിംഗ് ഉൾപ്പെടെ) ലഹരി വിൽപനയിലൂടെ ലഭിച്ച 3,80,000 രൂപയും പിടിച്ചെടുത്തിരുന്നു. തുടർന്ന് ലഹരി വിതരണത്തിന്റെ ഉറവിടത്തെക്കുറിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് കോയന്പത്തൂരിൽ നിന്ന് 12.8 കിലോ എംഡിഎംഎയുമായി മൂന്നു യുവാക്കളെ മലപ്പുറം ഡാൻസാഫ് സംഘം പിടികൂടിയത്. മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന അനുമോദന ചടങ്ങിൽ ഡിഐജി ടി. നാരായണനും പങ്കെടുത്തു.